ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. വിജയം അനിവാര്യമായ മത്സരത്തില്‍ മൂന്നു വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
സ്കോര്‍: പഞ്ചാബ് 210-5, ഡല്‍ഹി 216-7 (19). കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. 33 റൺസിനിടെ മൂന്നുവിക്കറ്റ് നഷ്ടപ്പെട്ട അവരെ അർധസെഞ്ചുറി നേടിയ അക്സര്‍ പട്ടേല്‍ (56) ഡേവിഡ് മില്ലര്‍ (51) എന്നിവരാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അവസാന നാലോവറില്‍ 53 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്കോർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ മില്ലര്‍ വീണെങ്കിലും അശുതോഷ് ശര്‍മയും മാധവ് തിവാരിയും പോരാട്ടം ഏറ്റെടുത്തു. എന്നാൽ വിജയത്തിനരികെ അശുതോഷ് (10 പന്തില്‍ 24) വീണെങ്കിലും അക്വിബ് നബിയുമായി ചേര്‍ന്ന് മാധവ് തിവാരി ഡല്‍ഹിയെ ലക്ഷ്യത്തിലെത്തിച്ചു.
പഞ്ചാബിനുവേണ്ടി അര്‍ഷ്ദീപ് സിംഗ്, യഷ് താക്കൂര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും (56) ക്യാപ്റ്റൻ ശ്രേയസ് അയ്യരും (59) മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്കും മാധവ് തിവാരിയും രണ്ട് വിക്കറ്റെടുത്തു.
ജയത്തോടെ 12 മത്സരങ്ങളില്‍ 10 പോയിന്റുമായി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത ഡല്‍ഹി നിലനിര്‍ത്തി. തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങിയ പഞ്ചാബ് 11 കളികളില്‍ 13 പോയിന്റുമായി നാലാം സ്ഥാനത്താണ്.